Banner Ads

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി; വിചാരണ നിർത്തിവെക്കണമെന്ന ഹർജി മജിസ്ട്രേറ്റ് കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വിചാരണക്കോടതിയിലും തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് കോടതി വായിച്ചു കേൾപ്പിക്കും.

കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയും ഹർജി നിരസിച്ചത്.

തടികച്ചവടത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക വഞ്ചന നടത്തിയെന്ന പരാതിയിൽ എറണാകുളം അമ്പലമേട് പോലീസാണ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തത്. പ്രതികളുടെ തടസ്സവാദങ്ങൾ കോടതി തള്ളിയതോടെ, സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതോടെ കേസിൽ വിചാരണ നടപടികൾക്ക് ഔദ്യോഗികമായി തുടക്കമാകും.