
തിരുവനന്തപുരം : ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. കാര്യങ്ങൾ മന്ത്രിയെ നേരിട്ട് ബോധിപ്പിച്ചാലേ അറിയൂ എന്നും അതോ പത്രം വായിച്ച് അറിയണമെന്നാണോ കരുതുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിലും മന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ തീരുമാനത്തിനെതിരെ കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ട് തന്നെ പോകും. ആവശ്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്തു നൽകും. ഇതിനകം 140ഓളം ഡോക്ടർമാരെ നിയമിച്ചു കഴിഞ്ഞു. മന്ത്രിയെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം. അല്ലാതെ ദിവസവും പ്രസ്താവനകൾ ഇറക്കേണ്ട ആവശ്യമില്ല.
എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഡോക്ടർമാർ കാണാൻ സമയം ചോദിച്ചതിനാൽ കാണുന്നു എന്നല്ലാതെ ഇതിൽ മറ്റ് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.