Banner Ads

പമ്പാതീരത്ത് വർണ്ണക്കാഴ്ചയുടെ പള്ളിയോടപ്പെരുമ; ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട : പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1:30ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9:30ന് ജില്ലാ കളക്ടർ എ നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, എം പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.

51 പള്ളിയോടങ്ങളാണ് ഇക്കുറി ജലമേളയിൽ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് 1.30ന് തിരുവോണത്തോണി മുന്നിൽ തുഴഞ്ഞുനീങ്ങുന്നതോടെ വർണാഭമായ ജലഘോഷയാത്രയ്ക്ക് തുടക്കമാകും. തുടര്‍ന്ന് ഭഗവത് സ്തുതികൾ പാടി എ, ബി ബാച്ചുകളിലെ പള്ളിയോടങ്ങൾ അകമ്പടിയേകും.

മൂന്നുമണിക്ക് മത്സര വള്ളംകളി ആരംഭിക്കും. മത്സരത്തിൽ വിജയികളാകുന്നവർക്ക് മന്നം ട്രോഫിയും, മികച്ച അലങ്കാരത്തോടും ഗാനാലാപനത്തോടും കൂടി തുഴയുന്ന പള്ളിയോടത്തിന് ആർ ശങ്കർ സ്മാരക സുവർണ ട്രോഫിയും സമ്മാനിക്കും.