
ഇടുക്കി : മൂവാറ്റുപുഴ പുതിയ ജില്ലയായി രൂപീകരിക്കുന്ന വിഷയത്തിൽ വിയോജിപ്പ് വ്യക്തമാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ ജില്ലയ്ക്കായി തൊടുപുഴയെ വിട്ടുനൽകില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അതിനെ ജില്ലയിൽ നിന്ന് പറിച്ചെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയം നേരത്തെ തന്നെ മുന്നണിയെ ധരിപ്പിച്ചിട്ടുള്ളതാണെന്നും പുതിയ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കേണ്ടത് യുഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾത്തന്നെ ഈ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയ കാര്യവും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.