
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെ നടുറോഡിൽ തടഞ്ഞുനിർത്തി അധിക്ഷേപിച്ചത് രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ ഡിസിസി അംഗം ചേന്തി അനിൽ തടഞ്ഞ സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദമുള്ള വ്യക്തികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രിയെ തടഞ്ഞ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ സ്വാഭാവികമായും പാർട്ടി തലത്തിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മുഖ്യമന്ത്രിയെയും ഇത്തരത്തിൽ വഴിയിൽ തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ യാതൊരു സംസ്കാരത്തിനും ചേർന്നതല്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. സിപിഎം-സിപിഐ തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തോടും കെ മുരളീധരൻ പ്രതികരിച്ചു.
സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതകൾ അവർ തന്നെ തീർക്കട്ടെ. അതിൽ ഇടപെടേണ്ട കാര്യം തങ്ങൾക്കില്ല. സി അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിൻ്റെ ഭരണം കോൺഗ്രസ് അംഗീകരിച്ചിട്ടുള്ളതാണ്.
അന്ന് കെ കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി. പി കെ വി സർക്കാരിനെയും കോൺഗ്രസ് മുന്നണി സർക്കാരുകളുടെ ഗണത്തിൽ തന്നെയാണ് ഉൾപ്പെടുത്തുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.