
കോഴിക്കോട് : മതപരമായ ആഘോഷങ്ങളിലോ പൊതുപരിപാടികളിലോ ഇസ്ലാമിക അതിർവരമ്പുകൾ ലംഘിക്കരുതെന്നും പൊതുയിടങ്ങളിലോ അന്യപുരുഷന്മാർക്കിടയിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും നിർദ്ദേശിച്ച് സമസ്ത കാന്തപുരം വിഭാഗം.
മതകീയ ചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിക്കുമ്പോൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മഹല്ലുകൾക്ക് സർക്കുലർ അയച്ചു. നിരത്തുകളിലോ വേദികളിലോ അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്ന രീതികൾ ഒഴിവാക്കണം.
ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിച്ചേർക്കുന്നത് വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദിക്കാനാകില്ലെന്നും സർക്കുലറിൽ പറയുന്നു. പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനാ ഭാരവാഹികൾ എന്നിവർ എല്ലാ പരിപാടികളും മതപരമായ അച്ചടക്കത്തോടെയാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തണം.
ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ പരിധികൾ ലംഘിച്ച് മുന്നോട്ടുപോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അഭ്യർത്ഥിച്ചു. വരുംതലമുറയ്ക്ക് സന്മാർഗിക മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ വ്യക്തമാക്കി.