
തിരുവനന്തപുരം : കഴക്കൂട്ടത്ത് നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാറക്കരി സ്വദേശികളായ ബിലാൽ, അഫ്സൽ, സുൽത്താൻ, യാസിൻ എന്നിവർക്കെതിരെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴക്കൂട്ടം പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
പ്രതികളുടെ വീടുകൾ ഉൾപ്പെടെ പോലീസ് നിരീക്ഷണത്തിലാണ്. ചാന്നങ്കര സ്വദേശി അദീഫ് കബീർ (20), കഴക്കൂട്ടം സ്വദേശി അജിംഷ എന്നിവർക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 9:20 ഓടെ വടക്കുംഭാഗം പാറക്കരി ഭാഗത്ത് നടന്ന ദഫ്മുട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ബൈക്ക് തടഞ്ഞുനിർത്തിയ പ്രതികൾ ആയുധം ഉപയോഗിച്ച് അദീഫിന്റെ തലയ്ക്ക് കുത്താൻ ശ്രമിച്ചു. എന്നാൽ ഒഴിഞ്ഞുമാറിയതിനാൽ നെറ്റിയിൽ മാത്രമാണ് പരിക്കേറ്റത്. തുടർന്ന് പ്രതികൾ ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ കസ്റ്റഡിയിലാകുമെന്നും കഴക്കൂട്ടം പോലീസ് അറിയിച്ചു.