
നേപ്പാളിലുണ്ടായ പ്രളയത്തിന് കാരണം മിന്നൽ പ്രളയമാണെന്ന പ്രാഥമിക വാദം തള്ളി കാലാവസ്ഥാ-പരിസ്ഥിതി വിദഗ്ധർ. ദുരന്തസമയത്ത് പ്രദേശത്ത് ശക്തമായ മഴ രേഖപ്പെടുത്തിയിട്ടില്ലെന്നതും ആകാശം മേഘാവൃതമായിരുന്നില്ല എന്നതുമാണ് മിന്നൽ പ്രളയ സാധ്യതയെ തള്ളിക്കളയാൻ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.
മഴയില്ലാതെ തന്നെ ഹിമാലയൻ നിരകളിൽ നിന്ന് വൻ പ്രളയപ്രവാഹം ഉണ്ടാകാമെന്നതിന്റെ സൂചനയാണ് ഈ സംഭവമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഭൂകമ്പം മൂലമോ മറ്റോ ഹിമപാളികൾ അടർന്നുമാറി താഴ്‌വരയിലേക്ക് പച്ചവെള്ളവും ചെളിയും അതിവേഗം ഒഴുകിയെത്തിയതാവാം ദുരന്തത്തിന് വഴിവെച്ചത്.
പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ ചക്രപാണിയും ഈ സാധ്യത അടിവരയിടുന്നു. ഭൂമികുലുക്കം മൂലമോ മണ്ണിടിച്ചിൽ മൂലമോ ഉയർന്ന മലനിരകളിൽ രൂപപ്പെട്ട പ്രകൃതിദത്ത തടയണകൾ കെട്ടിക്കിടന്ന വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ പെട്ടെന്ന് തകർന്നതാവാം സമതലങ്ങളിലേക്ക് ഭീമമായ തോതിൽ ജലപ്രവാഹമെത്താൻ കാരണം.
വെറുമൊരു നിഗമനത്തിനപ്പുറം ദുരന്തത്തിന്റെ കൃത്യമായ ഉറവിടവും കാരണവും കണ്ടെത്താൻ അടിയന്തര ശാസ്ത്രീയ അന്വേഷണം വേണമെന്നാണ് വിദഗ്ധരുടെ നിർദേശം.