
തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയും കൊലക്കേസ് പ്രതിയുമായ സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.
ബ്രൂണെയിൽ ജോൺ മേനോൻ എന്ന പേരിൽ കഴിയുന്ന വ്യക്തിക്ക് സുകുമാരക്കുറുപ്പുമായി സാദൃശ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സത്യാവസ്ഥ വ്യക്തമാക്കാൻ ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായം തേടാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് ഐ ജി ശ്യാം സുന്ദർ ഇതുസംബന്ധിച്ച് ഇന്റർപോളിന് ഉടൻ കത്തയക്കും.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ കഴിയുന്ന ജോൺ മേനോൻ ദുരൂഹ ഇടപാടുകളിൽ ഏർപ്പെടുന്ന ആളാണെന്ന് പറയപ്പെടുന്നു. മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കുടിയേറിയ ഇന്ത്യൻ വംശജരിൽ നിന്നാണ് പൊലീസിന് അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചത്.
നിർമ്മാണ സാമഗ്രികളുടെ കരാറുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പ് നടന്ന സാമ്പത്തിക ക്രമക്കേടിൽ ജോൺ മേനോന്റെ പങ്കാളിയായ പാകിസ്താൻ സ്വദേശിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണെന്നാണ് പരിചയപ്പെട്ട ചിലരോട് ഇയാൾ പറഞ്ഞിരുന്നത്.
42 വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിന് 80 വയസ്സിലധികം പ്രായമുണ്ടായിരിക്കും. ഹൃദ്രോഗബാധിതനായ ഇയാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ കേസ് ക്ലോസ് ചെയ്യാനുള്ള നീക്കങ്ങൾക്കിടെയാണ് പുതിയ ചിത്രങ്ങളും പ്രചാരണങ്ങളും പുറത്തുവന്നത്.
ജോൺ മേനോന്റേതായി പുറത്തുവന്ന ചിത്രങ്ങൾ ക്രൈംബ്രാഞ്ച് പൂർണ്ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും വിഷയം ഗൗരവത്തോടെ കാണാനാണ് തീരുമാനം. ഇന്റർപോളിൽ നിന്ന് ഔദ്യോഗിക പ്രതികരണവും വിവരങ്ങളും ലഭിച്ച ശേഷമേ ക്രൈംബ്രാഞ്ച് തുടർനടപടികളിലേക്ക് കടക്കൂ.