Banner Ads

തീരാതെ മലയോരത്തിന്റെ ഭീതി; പൂപ്പാറയിൽ തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ മരിച്ചു

ഇടുക്കി : പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. പൂപ്പാറ തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്ത് വച്ചായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ മുതൽ എസ്റ്റേറ്റ് മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.

ജോലിയിലായിരുന്ന ഒച്ച തേവർക്ക് നേരെ പെട്ടെന്ന് കാട്ടാനയുടെ ആക്രമണം ഉണ്ടാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തെത്തുടർന്ന് ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.