Banner Ads

നേപ്പാൾ പ്രളയം: 53 മലയാളികൾ ബന്ധപ്പെട്ടതായി നോർക്ക; എല്ലാവരും സുരക്ഷിതർ, ആശങ്ക വേണ്ടെന്ന് അധികൃതർ

തിരുവനന്തപുരം : നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് 53 മലയാളികൾ നോർക്ക റൂട്ട്സുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇവർ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണെങ്കിലും സുരക്ഷിതരാണെന്നും തൽക്കാലം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നോർക്ക സിഇഒ വ്യക്തമാക്കി.

വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നതിനാൽ ഇവർ കൃത്യമായി ഏത് സ്ഥലത്താണ് ഉള്ളതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ട്രാവൽ ഏജൻസികൾ വഴി പോയവരുടെ കണക്കുകൾ ലഭ്യമാണ്. എന്നാൽ വിസ വേണ്ടാത്ത രാജ്യമായതിനാൽ സ്വന്തമായി യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ നോർക്ക ഹെൽപ്പ് ഡെസ്ക് ശ്രമിച്ചുവരുന്നു.

ഓണം അവധി പ്രമാണിച്ച് കുടുംബങ്ങളായും സുഹൃത്തുക്കളുടെ സംഘങ്ങളായും നിരവധി പേർ നേപ്പാളിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. സഹായം തേടി കുടുങ്ങിക്കിടക്കുന്നവരുടെ നിരവധി ബന്ധുക്കളാണ് നിലവിൽ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിളിക്കുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.