
കൊച്ചി : വിമാന സർവീസുകൾ തുടർച്ചയായി മുടങ്ങുന്നതിലും വൈകുന്നതിലും പ്രതിഷേധിച്ച് യാത്രക്കാർ. കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം 11 മണിക്കൂർ വൈകുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് രാത്രി 10 മണിക്ക് മാത്രമേ പുറപ്പെടൂ.
മുൻദിവസങ്ങളിൽ പുറപ്പെടേണ്ടിയിരുന്ന അഹമ്മദാബാദ്, ഡൽഹി സർവീസുകൾ സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു. സർവീസുകൾ വ്യാപകമായി തടസ്സപ്പെടുന്ന സാഹചര്യത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന് സ്പൈസ് ജെറ്റ് ഇതുവരെ മറുപടി നൽകിയിട്ടില്ല. കൃത്യമായ വിവരങ്ങൾ ലഭിക്കാതെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാരെ കടുത്ത അമർഷത്തിലാക്കിയിട്ടുണ്ട്.