Banner Ads

നേപ്പാളിൽ കലിതുള്ളി മിന്നൽപ്രളയം; എട്ട് മരണം, ഒട്ടേറെ ഗ്രാമങ്ങളും വീടുകളും ഒലിച്ചുപോയി

കാഠ്മണ്ഡു : നേപ്പാളിൽ അതിർത്തി മേഖലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ടിബറ്റിൽ നിന്നെത്തിയ ശക്തമായ വെള്ളപ്പൊക്കത്തിൽ ഭോട്ടെ കോഷി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും കരകവിഞ്ഞൊഴുകുകയുമായിരുന്നു.

നദിക്കരയിലെ ഒട്ടേറെ ഗ്രാമങ്ങളും വിപണി പ്രദേശങ്ങളും വീടുകളും വാഹനങ്ങളും മിന്നൽപ്രളയത്തിൽ ഒലിച്ചുപോയി. സൈന്യവും പൊലീസും ചേർന്നാണ് ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ സൈനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്.

ദുരന്ത സാഹചര്യം വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേർത്തു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും നദിക്കരകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.