
കണ്ണൂർ : എളയാവൂരിലെ ദേശീയപാത നിർമ്മാണസ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ. അപകടത്തിന് കാരണം ഡിസൈനിലെ ഗുരുതരമായ പാളിച്ചയാണെന്നും 2023ൽ ഇതേ സ്ഥലത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായിട്ടും എൻഎച്ച്എഐ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇനിയൊരു അപകടം സംഭവിക്കാൻ ഇടയാകരുതെന്നും ശാശ്വത പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച ശേഷം പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എളയാവൂരിൽ ദേശീയപാത വികസനപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്.
വൻ അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വിദഗ്ധ പരിശോധന ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ചേർന്നുള്ള സംയുക്ത സുരക്ഷാ പരിശോധന പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. പരിശോധനകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ ദിവസവും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.