
തിരുവനന്തപുരം: അടുത്ത 5 വർഷത്തേക്കുള്ള (2027-2032) വൈദ്യുതി നിരക്ക് പരിഷ്കരണത്തിന്റെ കരട് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. സോളാർ ഊർജ്ജ ലഭ്യതയുള്ള പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്കും, ഉപയോഗം കൂടുതലുള്ള രാത്രി സമയങ്ങളിൽ ഉയർന്ന നിരക്കും ഈടാക്കുന്ന ‘ടൈം ഓഫ് ഡേ’ (ToD) സംവിധാനം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ കരടിൽ ശുപാർശ ചെയ്യുന്നു. നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് ഈ സംവിധാനമുള്ളത്.
രാത്രികാലങ്ങളിലെ ഉയർന്ന വൈദ്യുതാവശ്യകത കുറയ്ക്കുകയാണ് ToD വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ബാറ്ററി സ്റ്റോറേജുള്ള പുരപ്പുറ സോളാർ ഉൽപ്പാദകർക്ക് പീക്ക് സമയങ്ങളിൽ നിരക്കിളവ് നൽകാനും നിർദേശമുണ്ട്.സ്ലാബ് അടിസ്ഥാനത്തിന് പകരം ആകെ വൈദ്യുതി ഉപഭോഗം കണക്കാക്കി ഫിക്സഡ് ചാർജ് നിശ്ചയിക്കുന്ന രീതിയിലേക്ക് മാറിയേക്കും. പ്രതിമാസ ഇന്ധന സർചാർജ് പിരിവ് കൃത്യമായി ഉറപ്പാക്കും. 2024 വരെ കെഎസ്ഇബിക്കുണ്ടായ സാമ്പത്തിക നഷ്ടം 2031-ന് മുൻപ് നികത്തണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ ഭാഗമായി 2027 മുതൽ ഉപഭോക്താക്കളിൽ നിന്ന് തുക ഈടാക്കിത്തുടങ്ങും.
ഇത് നിരക്കിൽ വർധനയുണ്ടാക്കും. വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കാൻ കെഎസ്ഇബി നടപടിയെടുക്കണം. ദീർഘകാല-ഇടക്കാല കരാറുകൾക്ക് മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാൽ പുനരുപയോഗ ഊർജ്ജത്തിനും വൈദ്യുതി സംഭരണ പദ്ധതികൾക്കും (Energy Storage) ഇളവുകൾ ലഭിക്കും.കരട് നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അടുത്ത മാസം 25 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.