
കവരത്തി: ലക്ഷദ്വീപിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ബോട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ട് 14 ദിവസം പിന്നിട്ടിട്ടും തെരച്ചിൽ കാര്യക്ഷമമല്ലെന്ന് കുടുംബത്തിന്റെ ആരോപണം. ആൾതാമസമില്ലാത്ത സുഹലീ ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. കാണാതായ പൊലീസ് ഉദ്യോഗസ്ഥരായ ഹിദായത്തുള്ള, നബീൽ എന്നിവർക്കായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന വൈകുന്നതിൽ കുടുംബം കടുത്ത നിരാശയിലാണ്.
കാണാതായ നബീലിന്റെ സഹോദരൻ നസീബാണ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും ഉഴപ്പുമുണ്ടായതായി കുടുംബം ആരോപിക്കുന്നു. അപകടം നടന്ന് പത്താം ദിവസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും സംഭവം നടന്ന സ്ഥലത്ത് എത്തിയതെന്ന് കാണാതായവരുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.സംഭവത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കണമെന്നും കൂടുതൽ ആധുനിക സംവിധാനങ്ങൾ എത്തിച്ച് പരിശോധന നടത്തണമെന്നുമാണ് കാണാതായവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം.