Banner Ads

അലാസ്കയിൽ റഡാർ കേന്ദ്രത്തിന് സമീപം വിമാനം തകർന്നു വീണു; 8 പേർ കൊല്ലപ്പെട്ടു

അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ വ്യോമസേനയുടെ റഡാർ കേന്ദ്രത്തിന് സമീപം ചെറുവിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ രണ്ട് ജീവനക്കാരും നാല് കോൺട്രാക്ട് തൊഴിലാളികളുമാണ് മരിച്ച മറ്റ് യാത്രക്കാർ.

അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ‘കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന്’ സമീപമാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള ഈ തന്ത്രപ്രധാന സൈനിക കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ എത്തിച്ചതായിരുന്നു വിമാനം.’സെക്യൂരിറ്റി ഏവിയേഷൻ’ കമ്പനിയുടെ ഡബിൾ എഞ്ചിൻ ‘സെസ്ന 441’ ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞതാണ് ദുരന്തത്തിന് വഴിവെച്ചത്.റൺവേ നേരിട്ട് കാണാൻ സാധിക്കാത്തതിനെ തുടർന്ന് ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ മാത്രം ആശ്രയിച്ചാണ് പൈലറ്റുമാർ ലാൻഡിംഗിന് ശ്രമിച്ചത്.ലാൻഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് രണ്ടാമതും ലാൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
രണ്ടാം ശ്രമത്തിനിടെ, റൺവേയിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വെച്ച് വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും സമീപത്തെ പർവതനിരകളിൽ തകർന്നു വീഴുകയുമായിരുന്നു.

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ മിസൈൽ ആക്രമണങ്ങൾ നേരത്തെ തിരിച്ചറിയാൻ സ്ഥാപിച്ചതാണ് കേപ് ന്യൂവെൻഹാമിലെ ഈ റഡാർ കേന്ദ്രം. നിലവിൽ റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വ്യോമചലനങ്ങൾ നിരീക്ഷിക്കാനാണ് യു.എസ് സൈന്യം ഇത് ഉപയോഗിക്കുന്നത്.

വിദഗ്ധർ എന്ത് തരത്തിലുള്ള അറ്റകുറ്റപ്പണികൾക്കാണ് ഇവിടെ എത്തിയതെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.