Banner Ads

72-ാമത് നെഹ്റു ട്രോഫി ജലോത്സവം നാളെ പുന്നമടക്കായലിൽ; 71 വള്ളങ്ങൾ മാറ്റുരയ്ക്കും

ആലപ്പുഴ: കായലോരത്തിന് ആവേശമുണർത്തി 72-ാമത് നെഹ്റു ട്രോഫി ജലോത്സവം നാളെ പുന്നമടക്കായലിൽ നടക്കും. നെഹ്റു പവലിയനിൽ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥികൾ.

രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും അരങ്ങേറും. വൈകുന്നേരം നാല് മണി മുതലാണ് ആരാധകർ കാത്തിരിക്കുന്ന വാശിയേറിയ ഫൈനൽ പോരാട്ടങ്ങൾ.

ആകെ പങ്കടുക്കുന്ന വള്ളങ്ങൾ 71ചുണ്ടൻ വള്ളങ്ങൾ 22മറ്റ് വിഭാഗങ്ങൾ ഇരുട്ടുകുത്തി ബി (16), ഇരുട്ടുകുത്തി സി (14), വെപ്പ് എ (5), വെപ്പ് ബി (4), തെക്കനോടി കെട്ട് (4), ഇരുട്ടുകുത്തി എ (3), ചുരുളൻ (2), തെക്കനോടി തറ (1).ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണ മന്ത്രി എം. ലിജു, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ജലോത്സവം കാണാനെത്തുന്ന കാണികൾക്കായി കൂടുതൽ കെഎസ്ആർടിസി ബസുകളും ബോട്ട് സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. പാസുള്ളവർക്ക് മാത്രമായിരിക്കും ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക.