
തിരുവനന്തപുരം : ഓണത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങുമ്പോഴും വിപണിയിലെ കടുത്ത വിലക്കയറ്റം ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുന്നു. വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും വാങ്ങി ഓണത്തിന് ഒരുങ്ങുന്ന സാധാരണക്കാർക്ക് അവശ്യസാധനങ്ങളുടെ വിലവർധനവ് വലിയ തിരിച്ചടിയാവുകയാണ്.
പഞ്ചസാരയ്ക്ക് മാത്രം മൂന്ന് തവണയായി 15 രൂപയിലധികമാണ് വില വർധിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഈ വിലക്കയറ്റം. പഞ്ചസാരയ്ക്ക് പുറമെ വെളിച്ചെണ്ണ, അരി തുടങ്ങിയ മുഴുവൻ നിത്യോപയോഗ സാധനങ്ങൾക്കും വിപണിയിൽ വൻ വിലക്കയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിൽ ഓണം ആഘോഷിക്കണമെങ്കിൽ ഉള്ളതെല്ലാം വിൽക്കേണ്ട അവസ്ഥയാണെന്നാണ് സാധാരണക്കാരുടെ പ്രതികരണം. തിരുവോണത്തിന് ഇനി ചുരുക്കം ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണിയിൽ ഇനിയും വില ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.