
കൊച്ചി : മലയാളത്തിലെ മുതിർന്ന ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ജിയോ കുട്ടപ്പൻ (എൻ ജി ജോൺ – 90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. 90-ാം പിറന്നാളാഘോഷത്തിന് കുടുംബം തയ്യാറെടുക്കവെയാണ് ജോണിന്റെ മരണം. ആദ്യകാല സിനിമാ നിർമാണ-വിതരണ കമ്പനിയായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ പയനിയർ വിതരണക്കാരിൽ ഒരാളായ എൻ എക്സ് ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും പി സുബ്രഹ്മണ്യത്തിന്റെ മെറിലാൻഡ് സ്റ്റുഡിയോയും മലയാളത്തിൽ ശക്തമാകുന്നതിനും മുൻപേ സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
1939ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് രൂപീകരിച്ചത് മുതൽ ജിയോ പിക്ചേഴ്സ് സംഘടനയിൽ അംഗമായിരുന്നു. 1966ൽ കേരള ഫിലിം ചേംബർ പ്രസിഡന്റായും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച അദ്ദേഹം ആറ് വർഷത്തോളം ഫിലിം ചേംബർ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.
ഐ വി ശശിയുമായുള്ള കൂട്ടുകെട്ടിലാണ് ഭൂരിഭാഗം ചിത്രങ്ങളും പിറന്നത്. ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നിവയാണ് പ്രധാന ഐ വി ശശി ചിത്രങ്ങൾ. കൂടാതെ ജെ ശശികുമാറിന്റെ മിനിമോൾ, എം കൃഷ്ണൻ നായരുടെ രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മണിരത്നത്തിന്റെ മലയാള ചിത്രമായ ഉണരൂ എന്നിവയും അദ്ദേഹം നിർമിച്ചവയാണ്.
ഏഴ് പതിറ്റാണ്ട് നീണ്ട സിനിമാ അനുഭവങ്ങൾ കോർത്തിണക്കി സിനിമയും ഞാനും – 70 വർഷങ്ങൾ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡിലുള്ള തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കും.