Banner Ads

ജാർഖണ്ഡിലെ വിദ്യാർഥി സമരം വിജയത്തിലേക്ക്; സർക്കാരിനെയും വിദ്യാർഥികളെയും പ്രശംസിച്ച് രാഹുൽ ഗാന്ധി

ദില്ലി : ജാർഖണ്ഡിൽ സമരം ചെയ്തിരുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സംസ്ഥാന സർക്കാർ സമവായത്തിലെത്തിയതിനെ സ്വാഗതം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ത് സോറനും സർക്കാരും വിദ്യാർഥികളുമായി ചർച്ചയുടെ വഴി തിരഞ്ഞെടുത്ത് പരിഹാരം കണ്ടെത്തിയത് ഏറെ സന്തോഷകരമാണെന്നും സംയമനം പാലിച്ച് പോരാടിയ വിദ്യാർഥികൾ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിച്ചെടുത്തെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇതുതന്നെയാണ് ശരിയായ മാർഗം. വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് കൃത്യമായ മറുപടി ലഭിക്കണം. ഞങ്ങൾ രാജ്യത്തെ ഓരോ വിദ്യാർഥിക്കൊപ്പവും ഉറച്ചുനിൽക്കുന്നു. കഠിനാധ്വാനത്തിന്റെ പൂർണഫലവും നിഷ്പക്ഷമായ മത്സരത്തിനുള്ള അവകാശവും ഉറപ്പാക്കാൻ ഈ ചൂഷണ സംവിധാനം ഞങ്ങൾ വേരോടെ പിഴുതെറിയും.

രാജ്യത്തുടനീളം ഈ മാറ്റമുണ്ടാകും. ഇനി വിദ്യാർഥികളെ പിന്നോട്ട് വലിക്കുന്നതല്ല മറിച്ച് അവരെ മുന്നോട്ട് നയിക്കുന്ന സംവിധാനം നിലവിൽ വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് പിന്നാലെ തിങ്കളാഴ്ച രാത്രിയാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചത്.

ഇതോടെ 16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ അവസാനിപ്പിച്ചു. സംസ്ഥാന മന്ത്രിമാരായ ദിപിക പാണ്ഡെ സിങ്, ഇർഫാൻ അൻസാരി എന്നിവരുടെ സാന്നിധ്യത്തിലാണ് സമരം പൂർത്തിയാക്കിയത്. പിന്തുണ നൽകിയ മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കും മഹ്തോ നന്ദി അറിയിച്ചു.

ലഖ്‌നൗ ആസ്ഥാനമായുള്ള ടിഡിപിഎൽ കമ്പനി നടത്തിയ ജെ എസ് എസ് സി സി ജി എൽ ഉൾപ്പെടെയുള്ള മുഴുവൻ പരീക്ഷകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ 2014 മുതലുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.