Banner Ads

ഓണക്കാലത്ത് ലഹരി ഒഴുകാൻ അനുവദിക്കില്ല; ഓപ്പറേഷൻ തൂഫാൻ ശക്തമാക്കാൻ നിർദേശവുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : ഓണക്കാലത്ത് ലഹരിമരുന്നുകളുടെയും കഞ്ചാവിന്റെയും ഒഴുക്ക് തടയാൻ ഓപ്പറേഷൻ തൂഫാൻ വഴി ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തുവരുന്നുണ്ട്.

പരിശോധനകളിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. എസ്എച്ച്ഒമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത രണ്ടുദിവസത്തിനകം തന്നെ പുതിയ എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാക്കും.

കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച നടപടി തികച്ചും പ്രാകൃതമാണെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.