Banner Ads

ദേശീയപാതയിൽ താമല്ലാക്കലിന് സമീപം അപകടം; സ്കൂട്ടർ യാത്രക്കാരനായ വണ്ടാനം സ്വദേശി മരിച്ചു

ഹരിപ്പാട് : ദേശീയപാതയിൽ താമല്ലാക്കൽ കെ വി ജങ്ഷന് സമീപം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. പുന്നപ്ര സ്വദേശിയും വണ്ടാനം മഠത്തിൽ പറമ്പിൽ താമസക്കാരനുമായ ബഷീർ (ബിരിയാണി ബഷീർ – 74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ചിങ്ങോലിയിലുള്ള മകളുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ബഷീർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായി തകർന്നു. ബഷീറിനെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുന്നപ്രയിലെ ബിരിയാണി വ്യാപാരിയാണ് പരേതനായ ബഷീർ. മക്കൾ: നൗഷാദ്, ഷൈബത്ത്. മരുമക്കൾ: മാരിയത്ത്, ഷാഹുൽ ഹമീദ് (ചിങ്ങോലി).