Banner Ads

പറക്കുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് ദേഹാസ്വാസ്ഥ്യം; വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഫോർട്ട് ലോഡർഡെയ്‌ൽ : പറന്നുകൊണ്ടിരുന്ന വിമാനത്തിലെ അഞ്ച് ഫ്ലൈറ്റ് അറ്റൻഡന്റുമാരിൽ നാലുപേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്ലീവ്‌ലാൻഡിൽ നിന്ന് ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് സർവീസ് നടത്തിയ ഫ്രോണ്ടിയർ എയർലൈൻസിന്റെ 1046-ാം നമ്പർ വിമാനത്തിലാണ് സംഭവം.

ജീവനക്കാർക്ക് കടുത്ത തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെടുകയും അടിയന്തര വൈദ്യസഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. തുടർന്ന് ഫോർട്ട് ലോഡർഡെയ്‌ലിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ ജീവനക്കാരെ റൺവേയിൽ തയ്യാറായിരുന്ന മെഡിക്കൽ സംഘം പരിശോധിച്ചു.

സംഭവത്തിന് പിന്നിലെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും എഞ്ചിൻ ഓയിലോ മറ്റ് രാസവസ്തുക്കളോ ആവിയായി എയർ കണ്ടീഷനിങ് സിസ്റ്റം വഴി ക്യാബിനിലേക്ക് കലരുന്ന ടോക്സിക് ഫ്യൂം ഇവന്റ് ആകാം ഇതിന് കാരണമെന്നാണ് വ്യോമയാന വിദഗ്ധരുടെ പ്രാഥമിക നിഗമനം.