Banner Ads

ലണ്ടൻ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ നടന്നു; നൂറുകണക്കിന് ഭക്തർ ബലിയർപ്പിച്ചു

ലണ്ടൻ: ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. കർക്കിടകവാവു ദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 11.30-നാണ് ചടങ്ങുകൾ ആരംഭിച്ചത്. പിതൃസ്മരണ ഉണർത്തിയ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരാണ് കെന്റിലെ റോച്ചസ്റ്റർ മെഡ്‌വേ നദീതീരത്ത് എത്തി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായി ബലിതർപ്പണം നടത്തിയത്.

ഭക്തർക്കായി കെന്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ പ്രത്യേകം സജ്ജമാക്കിയ നദീതീരത്ത് വൈകുന്നേരം 3.30 വരെ തർപ്പണച്ചടങ്ങുകൾ തുടർന്നു. സംഘാടകരുടെ കൃത്യമായ മുന്നൊരുക്കങ്ങളും വിപുലമായ സൗകര്യങ്ങളും കാരണം ബലിതർപ്പണം സുഗമമായി പൂർത്തിയാക്കാൻ ഭക്തർക്കായി.തർപ്പണം ശ്രീ അഭിജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു.തിലഹവനം വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവി കാർമ്മികത്വം വഹിച്ചു.

സുകൃത ഹോമവും പിതൃ സായുജ്യ പൂജയും താഴൂർ മന ശ്രീ ഹരിനാരായണന്റെ നേതൃത്വത്തിൽ നടന്നു.സഹകാർമ്മികർ വെളിയോട്ട് ഇല്ലം പരമേശ്വരൻ, അദ്രിത് വാസുദേവ് എന്നിവരും ചടങ്ങുകളിൽ സഹകാർമ്മികരായി.