
മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടക്കുന്ന അടുത്ത കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. പണ്ടുകാലത്ത് നിളാതീരത്ത് അരങ്ങേറിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായാണ് ഈ ആത്മീയ-സാംസ്കാരിക സംഗമം കണക്കാക്കപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും ഒരുക്കങ്ങളും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനത്തിന്റെ ടൂറിസം, സാംസ്കാരിക രംഗങ്ങൾക്ക് വലിയ ഉണർവ് നൽകുന്നതാണ് പ്രധാനമന്ത്രിയുടെ സാധ്യതയുള്ള ഈ സന്ദർശനം.
സനാതന സംസ്കൃതിയുടെയും പാരമ്പര്യങ്ങളുടെയും പുനരുജ്ജീവനത്തിന്റെ ഭാഗമായി കാണുന്ന ഈ ചടങ്ങിലേക്ക് രാജ്യത്തിന്റെ ഭരണാധികാരി നേരിട്ടെത്തുന്നത് തിരുനാവായയെ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് ഉയർത്തും.നേരത്തെ തിരുനാവായയിൽ നടന്ന മഹാമാഘ മഹോത്സവത്തെ തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകമായി പ്രശംസിച്ചിരുന്നു.വൻതോതിലുള്ള ജനപങ്കാളിത്തവും ഉത്തര-ദക്ഷിണ ഭാരതങ്ങളുടെ സാംസ്കാരിക ഏകത്വവും മുൻനിർത്തിയാണ് അദ്ദേഹം ഈ ആത്മീയ സംഗമത്തെക്കുറിച്ച് സംസാരിച്ചത്.
വലിയ ഔദ്യോഗിക വിളംബരങ്ങളൊന്നുമില്ലാതെ തന്നെ വിശ്വാസികളുടെ മാത്രം പങ്കാളിത്തത്തോടെ ലക്ഷക്കണക്കിന് ആളുകൾ നിളാതീരത്തേക്ക് ഒഴുകിയെത്തിയത് ദേശീയതലത്തിൽ വലിയ ചർച്ചയായിരുന്നു.ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ കുംഭമേളയിലേക്ക് പ്രധാനമന്ത്രിയുടെ വരവ് കൂടി ഉണ്ടാകുന്നതോടെ കൂടുതൽ ഒരുക്കങ്ങളിലേക്ക് കടക്കാനാണ് സംഘാടകരുടെ തീരുമാനം.