Banner Ads

പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയനീക്കം: മായാ രാഹുൽ ചെയർപേഴ്സൺ സ്ഥാനാർത്ഥി; പിന്തുണയ്ക്കാൻ എൽ.ഡി.എഫും വിമതരും

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നു. സ്വതന്ത്ര കൗൺസിലറായ മായാ രാഹുലിനെ പുതിയ അധ്യക്ഷ സ്ഥാനാർത്ഥിയായി തീരുമാനിച്ചു. വിമത കോൺഗ്രസ് അംഗങ്ങളുടെയും എൽ.ഡി.എഫിന്റെയും പിന്തുണയോടെയാണ് മായാ രാഹുൽ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്.

ആകെ 26 കൗൺസിലർമാരുള്ള പാലാ നഗരസഭയിൽ 17 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. ഈ മാസം 19-നാണ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. 19-ാം വാർഡിൽ നിന്നുള്ള പ്രതിനിധിയായ മായാ രാഹുൽ ഇത് രണ്ടാം തവണയാണ് പാലാ മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.ഭരണമാറ്റത്തിന് വഴിയൊരുക്കിയത് എൽ.ഡി.എഫ് അവിശ്വാസംരാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി ശ്രദ്ധനേടിയ ദിയ ബിനു പുളിക്കക്കണ്ടം എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതോടെയാണ് പാലായിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കോൺഗ്രസിലെ നാല് കൗൺസിലർമാരും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി നിലപാടെടുത്തത്.ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമാവുകയും എൽ.ഡി.എഫ്-വിമത കൂട്ടുകെട്ടിൽ പുതിയ ഭരണസമിതി അധികാരത്തിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു.