Banner Ads

വടക്കാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട; കുന്നംകുളം സ്വദേശി പിടിയിൽ

തൃശൂർ : വടക്കാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. വോൾവോ ബസിൽ കടത്താൻ ശ്രമിച്ച 160 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരതിനെ പൊലീസ് പിടികൂടി. ലഹരി വിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

മേഖലയിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 4.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിന് ചുവട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ എക്‌സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് സ്റ്റേഷനിലും ട്രെയിനുകളിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

പരിശോധന കണ്ട് ലഹരി കടത്തുകാരൻ കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.