
കണ്ണൂർ: പിടിയിലായ അർജുൻ ആയങ്കിക്കെതിരെ കേരള വിരുദ്ധ സമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം കാപ്പ ചുമത്താൻ പോലീസ് നീക്കം ഊർജിതമാക്കി. 23 കേസുകളിൽ പ്രതിയായ ആയങ്കി കൊടും ക്രിമിനലാണെന്ന റിപ്പോർട്ട് പോലീസ് ജില്ലാ കളക്ടർക്ക് ഉടൻ സമർപ്പിക്കും.രണ്ട് വധശ്രമക്കേസുകൾ, ആയുധങ്ങൾ ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
2014 മുതൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയായ അർജുനെതിരെ ഭൂരിഭാഗം കേസുകളിലും പോലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.പോലീസിനെ വെല്ലുവിളിച്ച് തളിപ്പറമ്പിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്ന അർജുൻ, പോലീസ് താവളം മനസ്സിലാക്കിയെന്ന സംശയത്തെ തുടർന്ന് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു.
യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തിയ കാറിലാണ് ഇയാൾ കണ്ണൂർ ടൗണിലെത്തിയത്. തുടർന്ന് പുലർച്ചെ രണ്ടരയോടെ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ നൽകിയ നിർണായക വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്.പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. കണ്ണൂരിലെ കേസ് നടപടികൾക്ക് ശേഷം എഡിജിപിയുടെ നിർദേശപ്രകാരം പ്രതിയെ എറണാകുളത്തേക്ക് മാറ്റിയേക്കും.