Banner Ads

ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ട ബസിന് മുകളിലേക്ക് വൻമരം വീണു: ആളപായമില്ല, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

ചേർത്തല: കനത്ത മഴയെത്തുടർന്ന് ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന് മുകളിലേക്ക് വൻമരം കടപുഴകിവീണു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. അപകടസമയത്ത് ബസിനുള്ളിൽ യാത്രക്കാരോ ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

മരത്തിന്റെ ഭാരം താങ്ങാനാവാതെ ബസിന്റെ മേൽക്കൂരയും വശങ്ങളും പൂർണ്ണമായും തകർന്നു. എന്നാൽ എഞ്ചിനും മറ്റ് പ്രധാന ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ അറിയിച്ചു. കനത്ത മഴയിൽ ഡിപ്പോ വളപ്പിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് മരത്തിന്റെ ചുവട് ഇളകിയതാണ് അപകടത്തിന് കാരണമായത്. ഡിപ്പോയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മരം മുറിച്ചുമാറ്റുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ വൈകുകയാണ്.

ഡിപ്പോയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പരാതികൾ നൽകിയിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് ജീവനക്കാർ ആരോപിച്ചു. അധികൃതരുടെ അലസതയാണ് അപകടത്തിന് വഴിവെച്ചതെന്നും, അപകടാവസ്ഥയിലുള്ള ബാക്കി മരങ്ങൾ കൂടി അടിയന്തരമായി വെട്ടിമാറ്റണമെന്നും ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു.