Banner Ads

കർണാടകയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് വൻ അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലെ കണ്ടക്ടർ കോഴിക്കോട് കോവൂർ സ്വദേശി അരുൺ എൻ.എം., ഡ്രൈവർ വെള്ളയിൽ സ്വദേശി മിഥിലേഷ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.

മൈസൂരു – ബംഗളൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ ദിശാസൂചിക ബോർഡിന്റെ തൂണിലേക്ക് ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണ്.

രാവിലെ 9.30-ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ടിയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് ബത്തേരി ഡി.ടി.ഒ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.