
കാസർകോട് : കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവവും ഒ പി രജിസ്ട്രേഷൻ നിർത്തിവെച്ചതും ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന ജീവനക്കാരുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതിരുന്നതും ഉച്ചയ്ക്ക് പുറത്തുള്ള സമയത്ത് ഒപി രജിസ്ട്രേഷൻ നിർത്തിവെച്ചതുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഈ മാസം രണ്ടിന് ഉച്ചയ്ക്ക് 12.04ഓടെ മൂന്നുപേർ ആശുപത്രിയിൽ എത്തി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി. കൂടാതെ ജീവനക്കാർക്ക് നേരെ അശ്ലീല ഭാഷ പ്രയോഗിക്കുകയും സ്ത്രീകളായ രോഗികളുടെയും വനിതാ ജീവനക്കാരുടെയും വീഡിയോ പകർത്തിയതായും എഫ്ഐആറിൽ പറയുന്നു.