
നെടുമ്പാശ്ശേരി: ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരൻ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശിയായ ജംഷീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച രാത്രി ക്വാലാലംപൂരിൽ നിന്ന് പുറപ്പെട്ട ബാട്ടിക് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം.
യാത്രാമധ്യേ ഇയാൾ പെട്ടെന്ന് എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാർ തടഞ്ഞതോടെ എമർജൻസി വിൻഡോ അടിച്ചുതകർക്കാനും ഇയാൾ മുതിർന്നു. തുടർന്ന് ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇയാളെ ബലമായി കീഴടക്കി തടഞ്ഞുവെക്കുകയായിരുന്നു.
വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പിടിയിലായ ജംഷീറിന് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രാഥമിക വിവരങ്ങളിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.