Banner Ads

പത്തനംതിട്ടയിൽ വീട്ടുപറമ്പിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും

പത്തനംതിട്ട : വെള്ളമെടുക്കാനെന്ന വ്യാജേന വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി. കർണാടക കോലാർ മാരിക്കപ്പം ബംഗാരപ്പേട്ട സ്വദേശിയായ പാർത്ഥസാരഥി (48) യെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ആറ് വർഷം കഠിനതടവിനും 60000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടി ആണ് വിധി പ്രസ്താവിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2025 ജനുവരി 28ന് രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയുടെ വീട്ടുപറമ്പിലെ കിണറ്റിൽനിന്ന് വെള്ളം കോരാൻ വന്ന പ്രതിക്ക് വെള്ളം കോരി നൽകുന്നതിനിടയിൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കീഴ്‌വായ്പൂർ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

സബ് ഇൻസ്പെക്ടർ സതീഷ് ശേഖറിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ സ്മിത ജോൺ പി കോടതിയിൽ ഹാജരായി.