
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിപ്പ് വ്യക്തമാക്കി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. തമിഴ്നാടിന്റെ ഈ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രിതല ചർച്ചയ്ക്കുള്ള സാധ്യതകൾ കേരളം തേടും.
മുല്ലപ്പെരിയാറിൽ ഇതുവരെ ആവശ്യമായ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലനിരപ്പ് 142 അടിയായി നിലനിർത്തുന്നത്. ഇതിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ തീരുമാനം കൈക്കൊള്ളേണ്ടത് സുപ്രീംകോടതിയാണെന്നാണ് കേരളത്തിന്റെ നിലപാട്.
പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഡാം പണിയണമെന്ന ഉറച്ച നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാറിന്റെ കന്നി ബജറ്റിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന പരാമർശമുള്ളത്. കരാറുകൾക്കും ട്രൈബ്യൂണൽ-കോടതി വിധികൾക്കും അനുസൃതമായി ജലനിരപ്പ് കൂട്ടുമെന്നാണ് തമിഴ്നാടിന്റെ ബജറ്റ് പ്രഖ്യാപനം.
സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും, കാർഷിക ക്ഷേമവും ദീർഘകാല ജലസുരക്ഷയും മുൻനിർത്തി ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ നടപ്പിലാക്കുമെന്നും ഗോദാവരി-കാവേരി നദീബന്ധന പദ്ധതി വേഗത്തിലാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നുണ്ട്.