
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരും. 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണം. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. മണിക്കൂറിൽ 50 കി മീ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.