
ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പതിനഞ്ചുകാരിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. പെൺകുട്ടിയുടെ മുഖവും തലയും തല്ലിത്തകർത്ത് സ്വകാര്യഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോയ പെൺകുട്ടി അവിടെവെച്ച് ബന്ധുവുമായി പിണങ്ങി തനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ചടങ്ങ് കഴിഞ്ഞ് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാൽ പീഡനം നടന്നതായി സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കേസിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ദേശീയപാത 6 ഉപരോധിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു.