Banner Ads

മദ്രസയിൽ നിന്ന് മടങ്ങിയ ആറുവയസ്സുകാരന്റെ മരണം; മൂന്ന് പതിറ്റാണ്ടിന് ശേഷം ലോറി ഡ്രൈവർ പിടിയിൽ

പാലക്കാട് : ആലത്തൂരിൽ ആറ് വയസ്സുകാരൻ ലോറിയിടിച്ച് മരിച്ച കേസിൽ 30 വർഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.

1995 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാൻ – ഹവ്വാമ്മ ദമ്പതികളുടെ മകൻ ഉമർ ഫാറൂഖ് മദ്രസയിൽ നിന്ന് മടങ്ങുമ്പോൾ പഴയ ദേശീയപാതയിലെ വാനൂരിൽ വെച്ച് ഇയാൾ ഓടിച്ച ലോറിയിടിച്ച് മരിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ ജാമ്യത്തിലിറങ്ങിയ ശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

വർഷങ്ങളോളം നീണ്ട തെരച്ചിലിനൊടുവിൽ പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം ആലത്തൂർ പോലീസ് കണ്ടെത്തുകയും ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.