
കണ്ണൂർ : ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പുലർച്ചെ പെയ്ത കനത്ത മഴയിൽ ശ്രീകണ്ഠപുരം ടൗണിൽ വെള്ളം കയറിയിരുന്നെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ സാധാരണ നിലയിലായി.
അതേസമയം കൂത്തുപറമ്പിൽ കാണാതായ കൈതേരിയിടത്തിൽ കലാശപ്പറമ്പത്ത് രാരിഷ് (45) എന്ന യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇയാളെ കാണാതായത്. മാടായി കുളവയൽ റോഡിൽ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ വീട് തകർന്നു വീണ് ഏഴ് വയസ്സുകാരനായ പാർത്ഥിപിന് പരിക്കേറ്റു.
പയ്യന്നൂർ കേളോത്ത് വീടിന്റെ മേൽക്കൂര തകർന്ന് പരിക്കേറ്റ ഇന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുഴകളിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫ, ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവർക്കായാണ് തെരച്ചിൽ പുരോഗമിക്കുന്നത്. പാൽച്ചുരം റോഡിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കി.