
കോഴിക്കോട് : വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോഴിക്കോട് കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. വലിയാണ്ടി നൗഷാദ്-ഷംന ദമ്പതികളുടെ മകൻ മാസിൻ ഇർഷയാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചവരെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മഴ കുറവായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയാണ് മലബാർ മേഖലയെ ദുരിതത്തിലാക്കിയത്. കാസർകോട് ജില്ലയിൽ നൂറ്റമ്പതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കോർപ്പറേഷനിലെ തടമ്പാട്ടുത്താഴം, കണ്ണാടിക്കൽ, പാലാഴി, കോട്ടൂളി മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വടകര മുക്കാളിയിൽ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായി.
പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കുറ്റിക്കാട്ടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോടഞ്ചേരി ചാലിപ്പുഴയിൽ നടത്താനിരുന്ന മലബാർ റിവർ ഫെസ്റ്റിവലും അന്താരാഷ്ട്ര കയാക്കിംഗ് മത്സരവും റദ്ദാക്കി.
കോഴിക്കോട് ജില്ലയിലെ 25 ദുരിതാശ്വാസ ക്യാമ്പുകളിലായി 400ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ ക്യാമ്പുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.