
വണ്ടൂർ : മലപ്പുറത്ത് കനത്ത മഴ തുടരുന്നതിനിടെ തോട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. എറിയാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ അബ്ദുൽ മുഹൈനി (3) ആണ് മരിച്ചത്. വണ്ടൂർ എറിയാടുള്ള മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു കുടുംബം.
ഇന്ന് ഉച്ചയോടെയാണ് കുട്ടി ഒഴുക്കിൽ പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. നേരത്തെ നീറാട് കൂനയിൽ ഭാഗത്ത് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം ഐമൻ മരിച്ചിരുന്നു. കൊണ്ടോട്ടി മേലേപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകനാണ് ആദം.
ഇന്ന് രാവിലെ 10 മണിയോടെ തോട്ടിൽ ഒഴുകിനടന്ന നിലയിൽ കണ്ട കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മുതുവല്ലൂർ സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് ആദം ഐമൻ.