
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയ വയോധികനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. തൈക്കാട്ടുശ്ശേരി സ്വദേശികളായ വിഷ്ണു, അനു രാജ് എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളത്.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാൻ മടിച്ച പോലീസ്, ഇന്നലെ രാത്രിയോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിക്കടിമപ്പെട്ട ഗുണ്ടാസംഘമാണ് ഔട്ട്‌ലെറ്റിന് മുന്നിൽ വെച്ച് വയോധികനെ ക്രൂരമായി മർദിച്ച് അവശനാക്കിയത്.
മദ്യം വാങ്ങാനെത്തിയ നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു ആക്രമണമെങ്കിലും, ഗുണ്ടകളെ ഭയന്ന് ആരും തടയാനോ പ്രതികരിക്കാനോ തയ്യാറായില്ല.ബിവറേജസ് ഔട്ട്‌ലെറ്റിൽ എത്തുന്നവരിൽ നിന്ന് ഇവർ സ്ഥിരമായി ഭീഷണിപ്പെടുത്തി പണം പിരിക്കാറുണ്ടെന്നും, പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദിക്കുന്നത് പ്രദേശത്ത് പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.