Banner Ads

വെയർഹൗസുകളിൽ കോടികളുടെ മരുന്ന് നശിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ  വെയർഹൗസുകളിൽ സൂക്ഷിച്ച കോടികൾ വിലമതിക്കുന്ന ജീവൻരക്ഷാ മരുന്നുകളും പി.പി.ഇ (PPE) കിറ്റുകളും ഉപയോഗശൂന്യമായി നശിച്ച സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന മരുന്ന് വാങ്ങലുകളും കരാറുകളിൽ ഉൾപ്പെട്ട കമ്പനികളുടെ വിവരങ്ങളും പരിശോധിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് അടക്കമുള്ള അന്വേഷണ ഘടകങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലയളവിലടക്കം വാങ്ങിക്കൂട്ടിയ വലിയൊരു അളവ് മരുന്നുകളാണ് വെയർഹൗസുകളിൽ പെട്ടിപോലും പൊട്ടിക്കാത്ത നിലയിൽ കുന്നുകൂടിയത്.

മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സംസ്ഥാനത്തെ 16 വെയർഹൗസുകളിലും ഇത്തരത്തിൽ മരുന്നുകൾ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.കൃത്യമായ വിതരണം നടക്കാതിരുന്നതും ആവശ്യത്തിൽ കൂടുതൽ മരുന്നുകൾ വാങ്ങി കൂട്ടിയതും മൂലം സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.വെയർഹൗസുകളിൽ മരുന്നുകൾ നശിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സംഭവം ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തി ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.