
കൊല്ലം: പെൺസുഹൃത്തിനോട് സംസാരിച്ചതിലുള്ള വിരോധത്താൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിലിനാണ് (35) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്നേഷിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയം കോണത്ത് ജങ്ഷന് സമീപമായിരുന്നു സംഭവം. വിഘ്നേഷ് ഓട്ടോറിക്ഷയിൽ വരുമ്പോൾ തന്റെ പെൺസുഹൃത്തുമായി വിനിൽ സംസാരിച്ചു നിൽക്കുന്നത് കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ വിനിലിനെ തള്ളിയിട്ട ശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
നെഞ്ചിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ വിനിലിനെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ വിഘ്നേഷിനെ പോലീസ് വീടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.