
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തങ്ങളുടെ കൊറിയർ സർവീസ് താൽക്കാലികമായി അവസാനിപ്പിച്ചു. നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശ് അധിഷ്ഠിത ‘സിംഗു സൊല്യൂഷൻസ്’ എന്ന സ്വകാര്യ ഏജൻസിയോട് സേവനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി നോട്ടീസ് അയച്ചു.
നിലവിൽ പുതിയ കൊറിയറുകൾ ബുക്ക് ചെയ്യുന്നത് പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.സ്വകാര്യ ഏജൻസിയുടെ സർവീസ് വളരെ മോശമാണെന്ന് കാണിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.ആരംഭത്തിൽ കെ.എസ്.ആർ.ടി.സി നേരിട്ടായിരുന്നു കൊറിയർ സർവീസ് നടത്തിയിരുന്നത്.
അന്ന് ഈ പദ്ധതിയിലൂടെ മികച്ച വരുമാനവും ലഭിച്ചിരുന്നു. പ്രവർത്തനം കൂടുതൽ പ്രൊഫഷണൽ ആക്കുന്നതിന്റെ ഭാഗമായാണ് പിന്നീട് നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.കൊറിയർ സർവീസ് പുനരാരംഭിക്കുന്നതിനായി പുതിയ ടെൻഡർ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി.