Banner Ads

പ്രിയദർശിനി ബസുകളിൽ തട്ടിപ്പും മോഷണവും വ്യാപകം: മലപ്പുറത്ത് യാത്രക്കാരികളുടെ സ്വർണമാലകൾ കവർന്നു; അന്വേഷണം ഊർജ്ജിതം

മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസുകൾ കേന്ദ്രീകരിച്ച് കവർച്ച സംഘങ്ങൾ സജീവമാകുന്നു. മലപ്പുറത്ത് ഓടുന്ന ബസുകളിൽ നിന്ന് രണ്ട് യാത്രക്കാരികളുടെ സ്വർണമാലകൾ മോഷണം പോയി. കോഴിക്കോട് – പാലക്കാട് റൂട്ടിലോടിയ ബസിൽ നിന്ന് 2 പവന്റെ മാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിൽ നിന്ന് 3 പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്.

ബസുകളിലെ കടുത്ത തിരക്ക് മുതലെടുത്താണ് കവർച്ച നടന്നത്. യാത്രക്കാരുടെ പരാതി ലഭിച്ചയുടൻ പോലീസ് പരിശോധന നടത്തിയെങ്കിലും മോഷണം പോയ സ്വർണം കണ്ടെത്താനായില്ല. സംഭവങ്ങളിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ആഴ്ച കോഴിക്കോട് – തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലും സമാനമായ മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15,000 രൂപയാണ് അന്ന് കവർന്നത്.

ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.ഉടൻ തന്നെ കണ്ടക്ടറുടെ നിർദേശപ്രകാരം ബസ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് യാത്രക്കാരെയും അവരുടെ ബാഗുകളും പോലീസ് വിശദമായി പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായിരുന്നില്ല.ബസുകളിലെ സുരക്ഷ വർധിപ്പിക്കാനും കവർച്ച സംഘങ്ങളെ കണ്ടെത്താനും പോലീസ് കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്.