Banner Ads

35 ദിവസത്തെ പോരാട്ടത്തിന് ഒടുവിൽ വിജയം; ജീവനൊടുക്കിയ കുട്ടികൾക്ക് നീതി കിട്ടിയെന്ന് സിജെപി

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യതലസ്ഥാനത്ത് 35 ദിവസമായി തുടർന്നുവന്ന കനത്ത പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ.

ഇത് പാറ്റകളുടെ വിജയമെന്നായിരുന്നു ദീപ്കേയുടെ ആദ്യ പ്രതികരണം. ജന്തർ മന്തറിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനങ്ങളോടെയും ഏറെ വൈകാരികമായുമാണ് മന്ത്രിയുടെ രാജിവാർത്തയെ വരവേറ്റത്.

പരീക്ഷാ ക്രമക്കേടുകളെയും അനിശ്ചിതത്വങ്ങളെയും തുടർന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളിലേക്ക് നോക്കി നിങ്ങൾക്ക് നീതി ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ദീപ്കേ കുട്ടികൾക്ക് പ്രണാമാർപ്പണം നടത്തിയത്.

ഈ ചരിത്ര വിജയം ജീവനൊടുക്കേണ്ടി വന്ന നമ്മുടെ കുട്ടികൾക്ക് സമർപ്പിക്കുന്നു. ഇത് ഏകാധിപത്യത്തിന്റെ പരാജയവും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയവുമാണെന്ന് അഭിജീത് ദീപ്‌കേ പറഞ്ഞു. മറ്റ് ആവശ്യങ്ങൾ കൂടി കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

പരീക്ഷാ ക്രമക്കേടുകൾ കാരണം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കുമെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണം.

പ്രക്ഷോഭകരെ മൃഗീയമായി അടിച്ചമർത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. വിദ്യാർത്ഥികൾക്കെതിരെ ഭാവിയിൽ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ്  നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു.