Banner Ads

ജനവാസമേഖലയിൽ നിന്ന് മൃഗശാലയിലെത്തിയ പെൺകടുവ ബബിതയ്ക്ക് കാൻസർ; കീമോതെറാപ്പി ആരംഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ പെൺ ബംഗാൾ കടുവ ബബിതയ്ക്ക് അപൂർവ്വ ഇനം കാൻസർ. അഡിനോ കാർസിനോമ എന്ന കാൻസറാണ് കടുവയെ ബാധിച്ചത്. രോഗം കണ്ടെത്തിയതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ബബിതയ്ക്ക് കീമോതെറാപ്പി ചികിത്സ ആരംഭിച്ചു.

രോഗബാധ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതിനാൽ നിലവിൽ ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വയറിനുള്ളിലെ നീർക്കെട്ടും വിശപ്പില്ലായ്മയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളെ പൊതിഞ്ഞ നിലയിൽ കാൻസർ കണ്ടെത്തുന്നത്.

അമേരിക്കയിൽ പൂച്ചകളിൽ സമാനമായ രോഗം കണ്ടെത്തിയപ്പോൾ കീമോതെറാപ്പിയിലൂടെ പൂച്ചകളുടെ ആയുസ്സ് കുറച്ചു മാസങ്ങൾ കൂടി നീട്ടിയെടുക്കാൻ സാധിച്ചിരുന്നു. ഇതോടെയാണ് ബബിതയ്ക്കും കീമോതെറാപ്പി നൽകാൻ തീരുമാനിച്ചത്.

2024 മാർച്ച് മാസത്തിലാണ് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ വനംവകുപ്പ് പിടികൂടുന്നത്. തുടർന്ന് തിരുവനന്തപുരം മൃഗശാലയിലെത്തിച്ച കടുവയ്ക്ക് ബബിത എന്ന് പേരിടുകയായിരുന്നു.