
തിരുവനന്തപുരം: സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായി തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റാഗിങ്ങിനിരയായി ജീവൻ പൊലിഞ്ഞ വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. വിദ്യാർത്ഥികൾക്ക് ഈ ആപ്പ് വഴി നേരിട്ട് പരാതികൾ അറിയിക്കാമെന്നും റാഗിങ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയുണ്ടാകുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ല. ഗവ. പ്ലീഡർ നിയമന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതികൾ കേട്ടിരുന്നു. ആർക്കും വന്ന് തന്നെ കാണാമെന്നും ആർക്കും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എച്ച് കോളേജിൽ വെച്ച് തിരക്കിനിടയിലാണ് അലോഷ്യസിനെ കണ്ടതെന്നും ഉച്ചവരെ കൊച്ചിയിലുണ്ടാകുമെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന സമരത്തിന് നേരെ പോലീസ് നടത്തിയത് കടുത്ത നരനായാട്ടാണെന്നും നടപടി വളരെ മോശമായിപ്പോയെന്നും പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റാം എന്നയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. വിഷയത്തിൽ ആഭ്യന്തര വകുപ്പ് ആവശ്യമായ തുടര്നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.ടാറ്റയുടെ പ്രതിനിധികൾ നേരിട്ടെത്തി ചർച്ചകൾ നടത്തിയിരുന്നു. കേരളത്തിൽ ടാറ്റ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് ഉറപ്പുനൽകിയിട്ടുള്ളത്.
വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വർഗീയത പരത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് മുൻപ് ഇടതു സർക്കാർ സമ്മതിച്ചിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.