Banner Ads

നെന്മാറ ഇരട്ടക്കൊലപാതകം; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

പാലക്കാട് : കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

20 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. ഈ തുക സുധാകരന്റെ മക്കൾക്ക് നൽകണം. പ്രതി പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടുതൽ തടവ് അനുഭവിക്കണം. ചെന്താമരയ്ക്ക് തുക നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാർ സഹായം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഞാൻ ഗാന്ധിയല്ല. ഇങ്ങോട്ട് പ്രശ്നത്തിന് വന്നാൽ വെറുതെ വിടില്ല എന്ന് പ്രതി കോടതിയിൽ പറഞ്ഞത് കുറ്റബോധമില്ലായ്മയും അപകടകരമായ മനോഭാവവുമാണ് കാണിക്കുന്നത്.

ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. കൊല്ലപ്പെട്ട സുധാകരൻ്റെ മക്കളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിൽ മുൻപാകെ പ്രതി കുറ്റബോധം കാണിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് കൊലപാതകം നടത്തിയ ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ള ആളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടിലുണ്ട്. സുധാകരൻ്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്.